തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഭക്ഷണച്ചെലവിനായി ഒരാൾക്ക് പ്രതിദിനം 90 രൂപ അനുവദിക്കും. നേരത്തെ ഇത് 79 രൂപയായിരുന്നു. ഈ സീസണിലേക്കായി 3.60 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ, എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥർക്കാണ് മെസ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. മണ്ഡലകാലത്ത് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കായി 2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് മെസ് സംവിധാനം ആരംഭിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ് ഗ്രാന്റ് അനുവദിക്കുന്നതിൽ പലതവണ കാലതാമസം നേരിട്ടിരുന്നുവെന്ന് ആരോപണമുണ്ട്.
അതേസമയം ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഇനിമുതൽ ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി. ദേവസ്വം ബോർഡാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക.